ന്യൂഡൽഹി: 'രാം സേതു' ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച അപേക്ഷ മൂന്ന് മാസത്തിന് ശേഷം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഇന്ത്യ- ശ്രീലങ്ക തീരങ്ങൾക്കിടയിലുള്ള ചുണ്ണാമ്പുകല്ലിൽ തീർത്ത പാതയാണ് രാമ സേതു. രാവണൻ തട്ടിക്കൊണ്ടുപോയ സീതയെ രക്ഷപ്പെടുത്തുന്നതിനായി 'വാനാര സൈന്യം' ആണ് രാമ സേതു നിർമിച്ചതെന്ന് രാമായണത്തിൽ പറയുന്നു.
രാമ സേതുവിനെ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്നതിൽ അടിയന്തര വാദം കേൾക്കാൻ സ്വാമിയുടെ ഇടക്കാല അപേക്ഷ പട്ടികപ്പെടുത്തണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. യുപിഎ സർക്കാർ ആരംഭിച്ച വിവാദമായ സേതുസമുദ്രം ഷിപ്പ് ചാനൽ പദ്ധതിയോടനുബന്ധിച്ച് രാം സേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കുന്ന വിഷയം ബിജെപി നേതാവ് നേരത്തെ ഉന്നയിച്ചിരുന്നു. 2007 ൽ രാം സേതുവിന്‍റെ പദ്ധതിയുടെ പ്രവർത്തനം സ്റ്റേ ചെയ്തിരുന്നു. പദ്ധതിയുടെ "സാമൂഹിക-സാമ്പത്തിക പോരായ്മകൾ" പരിഗണിക്കുന്നതായും രാം സേതുവിന് കേടുപാടുകൾ വരുത്താതെ ഷിപ്പിംഗ് ചാനൽ പദ്ധതിയിലേക്കുള്ള മറ്റൊരു വഴി തയ്യാറാക്കാമെന്നും കേന്ദ്രം പിന്നീട് പറഞ്ഞിരുന്നു. സേതുസമുദ്രം ഷിപ്പിംഗ് ചാനൽ പദ്ധതി ചില രാഷ്ട്രീയ പാർട്ടികൾ, പരിസ്ഥിതി പ്രവർത്തകർ, ചില ഹിന്ദു മതവിഭാഗങ്ങൾ എന്നിവരുടെ പ്രതിഷേധം നേരിടുന്നുണ്ട്.