ന്യൂഡൽഹി: ആരോഗ്യ ആവശ്യങ്ങൾ പരിഗണിച്ച് ഉത്തർപ്രദേശ് മുൻ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതിയ്ക്ക് അലഹബാദ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യം സുപ്രീം കോടതി റദ്ദാക്കി. കൂട്ടബലാത്സംഗ കേസിൽ പ്രതിയായ ഗായത്രി പ്രസാദ് പ്രജാപതിക്ക് സെപ്റ്റംബർ മൂന്നിന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചിട്ടും വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കേസുകൾ ചുമത്തപ്പെട്ടതിനെ തുടർന്ന് പ്രജാപതി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നു. അതേസമയം പ്രതിയ്ക്ക് അവശ്യമായ ചികിത്സ സൗകര്യങ്ങൾ ഒരുക്കണമെന്ന് സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
പോക്സോ കേസിൽ പ്രതിക്ക് രണ്ട് മാസത്തെ ഹ്രസ്വകാല ജാമ്യം ഹൈക്കോടതി തെറ്റായി നൽകിയതാണെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടി സുപ്രീംകോടതിയെ സമീപിച്ചതിന് ശേഷമാണ് ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് യുപി സർക്കാർ അറിയിച്ചിരുന്നു. ഇതേതുടർന്ന്, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഡി, എം. ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതിയുടെ ജാമ്യാപേക്ഷ സ്റ്റേ ചെയ്യുകയും ഉത്തർപ്രദേശ് സർക്കാരിന്‍റെ അപേക്ഷ പരിഗണിച്ച് ഹർജിയിൽ ഗായത്രി പ്രസാദിന്‍റെ പ്രതികരണം തേടിയിരുന്നു.
യുപിയിൽ സ്ത്രീയെയും മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രജാപതി 2017 മാർച്ച് 15 മുതൽ ജയിലിലാണ്. കേസിൽ സെഷൻസ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ഇത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.