ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾ പട്ടിക ജാതി-വർഗ സമുദായങ്ങളിൽ ഉപ വർഗീകരണം നടത്താൻ അധികാരമില്ലെന്ന 2004ലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. ജോലികൾക്കായുള്ള സംവരണത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുമായി സംസ്ഥാന സർക്കാരുകൾക്ക് പട്ടിക ജാതി-വർഗ സമുദായങ്ങളിൽ ഉപ വർഗീകരണം നടത്താൻ അധികാരമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി.
ഇ.വി ചിന്നയ്യ കേസിലെ ഭരണഘടനാ ബെഞ്ചിന്‍റെ 2004ലെ വിധി പുനഃപരിശോധിക്കേണ്ടതുണ്ടെന്നും അതിനാൽ ഉചിതമായ നിർദേശത്തിനായി ചീഫ് ജസ്റ്റിസിന്‍റെ മുമ്പാകെ വെക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പറഞ്ഞു. 2004ലെ വിധി ശരിയായ തീരുമാനമല്ലെന്നും പ്രസ്‌തുത സമുദായങ്ങളിലെ ആളുകൾക്ക് മുൻഗണന നൽകുന്നതിനായി സംസ്ഥാന സർക്കാരുകൾക്ക് നിയമ നിർമാണത്തിന് സാധിക്കണമെന്നും അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
പഞ്ചാബ് സർക്കാരാണ് ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്‌തത്. ക്വാട്ട അനുവദിക്കുന്നതിനായി പട്ടികജാതി-വർഗ വിഭാഗങ്ങളെ വീണ്ടും വർഗീകരിക്കാൻ കഴിയുന്ന സർക്കാർ നിയമത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.