ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി പിഎം കെയേഴ്‌സ് ഫണ്ടിന് കീഴിൽ സ്വരൂപിച്ച പണം ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് (എൻഡിആർഎഫ്) മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഉത്തരവ് പറയുന്നത് മാറ്റിവെച്ചു. പിഎം കെയേഴ്‌സ് ഫണ്ട് സൃഷ്ടിക്കുന്നത് ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് സെന്‍റർ ഫോർ പബ്ലിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷൻ എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചത്.
എൻഡിആർഎഫിന്‍റെ കണക്ക് പരിശോധന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലാണ് (സിഎജി) നടത്തുന്നത്. അതേസമയം, പക്ഷേ പിഎം കെയേഴ്‌സ് ഫണ്ടിന്‍റെ ഓഡിറ്റ് സ്വകാര്യ ഓഡിറ്റർമാരാണ് നടത്തുന്നതെന്നും എൻജിഒയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് ദേവ് വാദിച്ചു.
അതേസമയം, പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ട് ഒരു സന്നദ്ധ ഫണ്ടാണെന്നും എൻഡിആർഎഫ്, എസ്‌ഡിആർഎഫ് എന്നിവയ്ക്കുള്ള ഫണ്ടുകൾ ബജറ്റ് വിഹിതത്തിലൂടെ ലഭ്യമാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിനോട് പറഞ്ഞു.
എന്നാൽ ഹർജിയിൽ ഉന്നയിച്ച വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് പറയാൻ മാറ്റിവെക്കുകയായിരുന്നു. വിഷയത്തിൽ ജൂൺ 17ന് സുപ്രീം കോടതി കേന്ദ്രത്തോട് പ്രതികരണം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.