ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സമയത്ത് പ്ലാസ്റ്റിക് ബാനറുകളും ഹോർഡിംഗുകളും ഉപയോഗിക്കുന്നതിനെതിരെ സമർപ്പിച്ച അപേക്ഷയിൽ സുപ്രീം കോടതി കേന്ദ്രത്തിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും പ്രതികരണം തേടി. നാലാഴ്ച്ചക്കകം പ്രതികരണം ആവശ്യപ്പെട്ട് ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പരിസ്ഥിതി വനം മന്ത്രാലയത്തിനും വോട്ടെടുപ്പ് പാനലിനും നോട്ടീസ് നൽകി. ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ ഡബ്ല്യു. എഡ്വിൻ വിൽസൺ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്.
തെരഞ്ഞെടുപ്പിൽ പിവിസി ബാനറുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നതില്‍ എൻജിടി ഫലപ്രദമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ഹര്‍ജിയിൽ പറയുന്നു. തിരഞ്ഞെടുപ്പിന് പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള പ്രചാരണ വസ്തുക്കൾ ഉപയോഗിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇത് പരിസ്ഥിതിക്ക് ഹാനികരമാണെന്ന് വിൽസൺ അവകാശപ്പെട്ടിരുന്നു.