ന്യൂഡൽഹി: തീസ് ഹസാരി സംഭവത്തിൽ ഡൽഹി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. സുപ്രീംകോടതി അഭിഭാഷകനും വരുൺ താക്കൂർ ആൻഡ് അസോസിയേറ്റ്സ്" എന്ന നിയമ സ്ഥാപനത്തിന്‍റെ ഉടമയുമായ വ്യക്തിയാണ് ഡൽഹി പൊലീസ് കമ്മീഷണർക്ക് വക്കീൽ നോട്ടീസ് നൽകിയത്. പൊലീസ് സേനയുടെ ചട്ടപ്രകാരമുള്ള സെക്ഷൻ 3 (1) (എ) (ബി) (സി), 3 (2) എന്നിവയുടെ വ്യക്തമായ ലംഘനം നടത്തിയെന്ന് നോട്ടീസിൽ പരാമർശം. പൊലീസുകാർ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും അഭിഭാഷകരിലും പൊതുസമൂഹത്തിലും ഭയം സൃഷ്ടിച്ചുവെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷനും രംഗത്തെത്തി.
ഡൽഹിയിൽ തിസ് ഹസാരി കോടതിയിൽ പൊലീസുകാരും അഭിഭാഷകരും തമ്മിൽ നടന്ന ആക്രമണത്തിന് പിന്നാലെ തങ്ങൾക്ക് നേരെ ഏക പക്ഷീയമായി നടപടിയെടുത്തെന്ന് ആരോപിച്ച് പൊലീസ് സേന ഒന്നടങ്കം പ്രതിഷേധിച്ചിരുന്നു. കുറ്റക്കാരായ അഭിഭാഷകർക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. സംസ്ഥാനത്തെ പല ഭാഗങ്ങളിൽ നിന്ന് പൊലീസുകാരെത്തി പ്രതിഷേധത്തിൽ പങ്കെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഡൽഹി തീസ് ഹസാരി കോടതിവളപ്പിൽ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയത്. പൊലീസ് ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് പൊലീസ് വാഹനങ്ങങ്ങളും ബൈക്കുകളും അഭിഭാഷകർ കത്തിച്ചു. സംഭവത്തിൽ പൊലീസിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.