ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഭയം തേടുന്ന അനധികൃത റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. കേസില്‍ അടുത്ത വാദം കേള്‍ക്കുമ്പോള്‍ മാര്‍ച്ച് മാസത്തോടെ മറുപടി നല്‍കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഒരു അഭയാര്‍ഥിയെയും നാടുകടത്തേണ്ട ആവശ്യമില്ലെന്നും ഇന്ത്യയിലേക്കു വരുന്ന അഭയാര്‍ഥികളെ ദീര്‍ഘകാല വിസയില്‍ തുടരാന്‍ അനുവദിക്കണമെന്നും എതിര്‍ഭാഗം അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ മ്യാന്‍മര്‍ തയ്യാറാണെന്നും പിന്നെങ്ങനെ അവര്‍ അഭയാര്‍ഥികളാകുമെന്ന ഹര്‍ജിക്കാരുടെ അഭിഭാഷകന്‍റെ ചോദ്യത്തിന് റോഹിംഗ്യകള്‍ കൊല്ലപ്പെടാതിരിക്കാനാണ് മ്യാന്‍മറില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയതെന്ന് ഭൂഷണ്‍ പറഞ്ഞു. എല്ലാ നിവേദനങ്ങള്‍ക്കും മാര്‍ച്ചോടെ മറുപടി നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത, ഇപ്പോള്‍ ഇന്ത്യയില്‍ അഭയം തേടിയ റോഹിംഗ്യകളെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.