ന്യൂഡൽഹി: സിഎഎക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായ ഷഹീൻ ബാഗിൽ സമരക്കാരോടുള്ള മധ്യസ്ഥ ചർച്ച മൂന്നാം ദിവസവും തുടരുന്നു. അഭിഭാഷകരായ സഞ്‌ജയ് ഹെഗ്‌ഡെ, സാധനാ രാമചന്ദ്രൻ എന്നിവരാണ് സുപ്രീം കോടതിയുടെ നിർദേശത്തിന്‍റെ ഭാഗമായി ഷഹീൻ ബാഗിലെത്തി ചർച്ച നടത്തുന്നത്.
ഒന്നുകിൽ പ്രതിഷേധം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയോ അല്ലെങ്കിൽ ഗതാഗത തടസം സൃഷ്‌ടിക്കാതെ സമരം തൽസ്ഥാനത്ത് തുടരുകയോ ചെയ്യണമെന്ന് ഹെഗ്‌ഡെയും സാധനാ രാമചന്ദ്രനും ആവശ്യപ്പെട്ടു. ഒരു പൗരനും മറ്റൊരു പൗരന്‍റെ അവകാശത്തെ തടയാൻ അധികാരമില്ലെന്നും അഭിഭാഷകർ ഓർമിപ്പിച്ചു. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. കോടതിയും നിങ്ങൾക്കൊപ്പം തന്നെയാണ്, കാരണമെന്തെന്നാൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അഭിഭാഷകർ പറഞ്ഞു.
രണ്ട് മാസത്തിലേറെയായി തുടരുന്ന പ്രതിഷേധം കാളിന്ദ് കുഞ്ച് പ്രദേശത്തിന് സമീപം രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്‌ടിക്കുകയാണെന്ന വിമർശനം ശക്തമായിരുന്നു. വിഷയത്തിൽ അനവധി ഹർജികളാണ് സുപ്രീം കോടതിയിൽ വാദം കേൾക്കുന്നത്.