ന്യൂഡല്‍ഹി: സാം പിത്രോദയുടെ പരാമര്‍ശം വ്യക്തിയുടെ മാത്രം അഭിപ്രായമാണെന്നും പാര്‍ട്ടിക്ക് അത്തരത്തില്‍ ഒരു അഭിപ്രായം ഇല്ലെന്നും കോണ്‍ഗ്രസ്. 1984 ല്‍ സിഖ് കൂട്ടക്കൊല നടന്നെന്നും എന്നാല്‍ ഇനി എന്താണ് തങ്ങള്‍ക്ക് ചെയ്യാനാകുകയെന്നുമാണ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ പരാമര്‍ശിച്ചത്. പിത്രോദയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. സിഖ് വംശജരെ കോൺഗ്രസ് ദേശവിരുദ്ധരാക്കിയെന്നും കോൺഗ്രസിന്‍റെ സിഖ് വിരുദ്ധ മനോഭാവത്തിന് മെയ് ഇരുപത്തിമൂന്നിന് ജനം മറുപടി നൽകുമെന്നും ബിജെപി പറഞ്ഞു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. പരാജയം മറച്ചുവയ്ക്കാനാണ് തന്‍റെ വാക്കുകള്‍ ബിജെപി വളച്ചൊടിച്ചതെന്ന് സാം പിത്രോദ പറഞ്ഞു.
കോൺഗ്രസിനുള്ളിൽ വിഭജനമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. 1984 ലെ കൂട്ടക്കൊലയെ തുടർന്ന് സിഖ് സഹോദരങ്ങൾക്കുണ്ടായ വേദന നന്നായി അറിയാം. എന്നാൽ ഇപ്പോൾ മോദി സർക്കാർ അഞ്ച് വർഷം എന്ത് ചെയ്തു എന്ന കാര്യമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാനവിഷയമെന്നും പിത്രോദ വ്യക്തമാക്കി. കളവുകൾ പ്രചരിപ്പിച്ചാണ് ബിജെപി കോൺഗ്രസിനെ ആക്രമിക്കുന്നത്. അവരുടെ പ്രകടനത്തെ കുറിച്ച് ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് ബിജെപി സർക്കാർ കളവ് പ്രചരിപ്പിക്കുന്നതെന്നും പിത്രോദ കുറ്റപ്പെടുത്തി.