ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ ഇതുവരെ നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ടാബ്ലോ അവതരിപ്പിക്കാനൊരുങ്ങി എൻ.ഡി.ആര്‍.എഫ് ( ദേശീയ ദുരന്ത നിവാരണ സേന ). രാജ്യത്ത് ദുരന്തം വിതച്ച ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്കിടെയുള്ള രക്ഷാപ്രവര്‍ത്തന ശ്രമങ്ങളാകും പ്രമേയമാവുക.
പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ദുരന്തങ്ങളുണ്ടായാല്‍, രക്ഷാ പ്രവര്‍ത്തനം നടത്താൻ വേണ്ടി 2006ലാണ് ദേശീയ ദുരന്ത നിവാരണ സേന രൂപീകരിച്ചത്. ഇതാദ്യമായാണ് എൻ.ഡി.ആര്‍.എഫിന്‍റെ ടാബ്ലോ റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നതെന്ന് എൻ.ഡി.ആര്‍.എഫ് ഡയറക്ടര്‍ ജനറല്‍ എസ്.എൻ പ്രദാൻ പറഞ്ഞു. ഈ കാലയളവില്‍ സേനാംഗങ്ങള്‍ക്കുണ്ടായ അനുഭവങ്ങളും ടാബ്ലോയിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എൻഡിആർഎഫിന് നിലവിൽ 12 ബറ്റാലിയനുകളാണുള്ളത്. അസം, ബംഗാൾ, ഒഡീഷ, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, എൻസിആർ (ഗാസിയാബാദ്), ബിഹാർ, അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴില്‍ പ്രവർത്തിക്കുന്ന എൻഡിആർഎഫ് 1.15 ലക്ഷത്തിലധികം ആളുകളെയാണ് വിവിധയിടങ്ങളിലെ ദുരന്തമുഖത്തുനിന്ന് രക്ഷപ്പെടുത്തിയത്.