ജയ്‌പൂർ: രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ രാജസ്ഥാനിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. ഇന്ന് മുതൽ മാർച്ച് 31 വരെയാണ് നിയന്ത്രണം. ജനങ്ങളെ സുരക്ഷിതരാക്കുന്നതിനും വൈറസ് ബാധ നിയന്ത്രിക്കുന്നതിനും വേണ്ടി മെഡിക്കൽ സേവനങ്ങൾ ഒഴിച്ചുള്ള മറ്റ് സംവിധാനങ്ങൾ പൂർണമായും നിർത്തലാക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. സർക്കാർ ഓഫീസുകൾ, മാളുകൾ, ഫാക്‌ടറികൾ, പൊതുഗതാഗതം തുടങ്ങിയവ ഈ കാലയളവിൽ അടച്ചിടും.
രാജസ്ഥാനിൽ ഇതുവരെ 25 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 40 പേരുടെ പരിശോധനാഫലം ഇനിയും ലഭിച്ചിട്ടില്ല. കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗം നിയന്ത്രിക്കുന്നതിനായി "സാമൂഹിക അകലം" പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് നേതാക്കളും ജനങ്ങളോട് അഭ്യർഥിച്ചു. ഇന്ത്യയിൽ 315 പേർക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്‌ട്ര, ഒഡീഷ, ബീഹാർ എന്നിവിടങ്ങളിൽ നേരത്തെ തന്നെ ഭാഗികമായി അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു.