ന്യൂഡൽഹി: രാഹുല്‍ ഗാന്ധി 'റേപ് ഇൻ ഇന്ത്യ' പരാമർശത്തിൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്‌സഭാ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് രാജ്‌നാഥ് സിംഗ് ആവശ്യമുന്നയിച്ചത്. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായപ്രകടനത്തെ തനിക്ക് ആവർത്തിക്കാൻ പോലുമാകില്ലെന്ന് രാജ്‌നാഥ് സിംഗ് സഭയില്‍ പറഞ്ഞു.
രാഹുലിന്‍റെ പ്രസ്‌താവനയിലൂടെ താൻ മാത്രമല്ല, ഒരു രാജ്യം മുഴുവനാണ് വേദനിച്ചത്. ഇതിൽ രാഹുൽ ഖേദം പ്രകടിപ്പിക്കേണ്ടതുണ്ടെന്നും മാപ്പ് പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുറത്തു നടത്തിയ അഭിപ്രായ പ്രകടനങ്ങൾക്ക് പല പാർട്ടി നേതാക്കളും സഭയിൽ മാപ്പ് പറഞ്ഞിട്ടുണ്ട്. ഇനിയും സഭയിൽ അംഗമായി തുടരാൻ രാഹുലിന് ധാർമികമായി അവകാശമില്ലെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. പ്രതിഷേധത്തെ തുടർന്ന് 12.15 വരെ സ്‌പീക്കർ ഓം ബിർള സഭ നിർത്തി വച്ചു. സഭയിൽ രാഹുലിന്‍റെ സാന്നിധ്യത്തിലാണ് ബിജെപി നേതാവ് പ്രസ്‌താവന നടത്തിയത്.
ജാര്‍ഖണ്ഡിലെ ഗോഡയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധി വിവാദ പരാമർശം നടത്തിയത്. ഇനി 'മേക്ക് ഇന്‍ ഇന്ത്യ'യാണെന്നാണ് മോദി പറഞ്ഞത്. പക്ഷേ എവിടെ നോക്കിയാലും 'റേപ്പ് ഇന്‍ ഇന്ത്യ'യാണ്. ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു. എന്നാല്‍ അവൾക്ക് അപകടം പറ്റിയപ്പോൾ നരേന്ദ്ര മോദി ഒരു വാക്കുപോലും സംസാരിച്ചില്ലെന്നുമാണ് രാഹുല്‍ റാലിക്കിടെ പറഞ്ഞത്.