ന്യൂഡൽഹി: മുൻ കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയും ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വീഡിയോ കോൺഫറൻസിലൂടെ വിവിധ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തി. ചൈനയുമായുള്ള സംഘർഷവും വർധിച്ച് വരുന്ന ഇന്ധന വിലയും യോഗത്തിൽ ചർച്ച ചെയ്തു. ലഡാക്കിലെ ഗാൽവാൻ വാലിയിൽ ചൈനയുമായുള്ള ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ട 20 സൈനികരുടെ സ്മരണയ്ക്കായി ജൂൺ 26 ന് രാജ്യത്തുടനീളം 'രക്തസാക്ഷികൾക്ക് സല്യൂട്ട്' പരിപാടി നടത്താൻ പാർട്ടി തീരുമാനിച്ചു.
ഡീസലിന്‍റെയും പെട്രോളിന്‍റെയും വില ഉയരുന്നതിനെതിരെ ജൂൺ 29 ന് രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധർണ നടത്താൻ സംസ്ഥാന യൂണിറ്റുകൾക്ക് കോൺഗ്രസ് നിർദേശം നൽകി. ജൂൺ 26 ന് ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരിപാടിയുടെ വേദി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പാർലമെന്‍റിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ താൽക്കാലികമായി നടത്താമെന്നും കൂടിക്കാഴ്ചയില്‍ ചർച്ച നടന്നു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഡൽഹി കോൺഗ്രസ് വ്യാഴാഴ്ച യോഗം ചേരും.
രാജ്യം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സംസ്ഥാനങ്ങളില്‍ ചർച്ച ചെയ്യാനും ഇതിനായി കോൺഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും രാഹുല്‍ ഗാന്ധി നിർദ്ദേശം നല്‍കി. അയൽ രാജ്യങ്ങളുമായുള്ള ബന്ധം തകരാൻ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരിട്ടുള്ള കൈമാറ്റത്തിലൂടെ പൊതുജനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം കോൺഗ്രസ് ആവശ്യപ്പെട്ടുവെങ്കിലും അത് സ്വീകരിക്കാൻ സർക്കാർ തയ്യാറല്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം പാർട്ടിയുടെ നിയന്ത്രണം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രസിഡന്‍റുമാർ ആവശ്യപ്പെട്ടു.