ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമ ഭേദഗതി നടപ്പാക്കിയതുകൊണ്ട് നിലവിലെ ഒരു ഇന്ത്യാക്കാരനും പൗരത്വം നഷ്ടപ്പെടില്ലെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും വെല്ലുവിളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
പല പ്രതിഷേധങ്ങളും തെറ്റിധാരണ സൃഷ്ടിക്കുന്നു. പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുക മാത്രമാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ദേശീയ പൗരത്വ പട്ടികയും ജനസംഖ്യാ പട്ടികയും പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നും അമിത് ഷാ ആവർത്തിച്ചു. ദേശീയ ജനസംഖ്യാ പട്ടികയും സെൻസസും ഓരോ പത്ത് വർഷത്തിലും നടത്തുന്നതാണ്. കോൺഗ്രസ് സർക്കാരും ഇത് ചെയ്തിരുന്നെന്നും അമിത് ഷാ പറഞ്ഞു.