കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം കലാപത്തിലേക്ക് കടന്നതോടെ വിവിധ ഇടങ്ങളിൽ ഇന്‍റർനെറ്റ് നിരോധിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദേഗംഗയിലും ആംദംഗയിലുമാണ് ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയത് . ജില്ലയിൽ ഒരു വ്യാപാരിയെ ക്ലബിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ക്ലബ് അംഗങ്ങളാണ് മരണത്തിന് പിന്നിലെന്ന് ആരോപിച്ച് ബന്ധുക്കൾ ക്ലബ് അംഗങ്ങളെ ആക്രമിച്ചു.
ചേരി തിരിഞ്ഞ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതോടെ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറഞ്ഞു.വ്യാപാരിയുടെ ആത്മഹത്യയിൽ അന്വേഷണം ആരംഭിച്ചു.