ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഗര്‍ഭിണി മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എംസിസിഎച്ച് അനന്ദ്നാഗ് ആശുപത്രിയിലാണ് ഗര്‍ഭിണിയുടെ മരണം. ബന്ധുക്കള്‍ മൃതദേഹം ട്രോളിയില്‍ ആശുപത്രിയില്‍ നിന്നും കൊണ്ടു പോകുന്ന വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. ഇതേ ആശുപത്രിയില്‍ കഴിഞ്ഞ ആഴ്‌ച ഇരട്ട കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചിരുന്ന മറ്റൊരു യുവതിയും മരിച്ചിരുന്നു. ഗര്‍ഭിണിക്ക് കൊവിഡ് 19 ഉണ്ടെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് മേഖലയില്‍ നിന്നായിരുന്നു സ്ത്രീ ആശുപത്രിയിലെത്തിയത്.
തെക്കന്‍ കശ്‌മീരിലെ സലയ് പന്‍സുമുള്ള സ്വദേശി ഷക്കീല അക്‌തറാണ് ഇന്നലെ മരിച്ചത്. ഹാംദാനിലെ സബ് ഡിസ്ട്രിക്‌ട് (എസ്‌ഡിഎച്ച്) ആശുപത്രിയില്‍ നിന്ന് ഞായാറാഴ്‌ച എംസിസിഎച്ചിലേക്ക് ഗര്‍ഭിണിയെ വിദഗ്‌ധ ചികില്‍സയ്‌ക്കായി മാറ്റിയിരുന്നു. സംഭവത്തില്‍ എസ്‌ഡിഎച്ച് ആശുപത്രിയിലെ ഡോക്‌ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്‌തതായി ജില്ലാ ഭരണകൂടം അറിയിച്ചു. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു.
ആംബുലന്‍സ് നല്‍കിയില്ലെന്നും, ആശുപത്രി മാനദണ്ഡങ്ങള്‍ പാലിക്കാതെ ബന്ധുക്കള്‍ മൃതദേഹം കൊണ്ടു പോയെന്നും പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് സയിദ് യാസിര്‍ ട്വീറ്റു ചെയ്‌തു. കൊവിഡ് പരിശോധന നടത്തുകയാണെങ്കില്‍ മൃതദേഹ സംസ്‌കാരം വൈകുമെന്ന് കരുതിയാണ് ബന്ധുക്കള്‍ മൃതദേഹം കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.