ബംഗളൂരു: അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട് കുമാരസ്വാമി സർക്കാർ രാജിവെച്ചെങ്കിലും കർണാടകയില്‍ പുതിയ സർക്കാരുണ്ടാക്കുന്നതില്‍ അനിശ്ചിതത്വം. ബിഎസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കി സർക്കാരുണ്ടാക്കാൻ ബിജെപി ശ്രമം നടത്തുന്നുണ്ടെങ്കിലും എംഎല്‍എമാരുടെ അയോഗ്യതയും നിയമപ്രശ്നങ്ങളുമാണ് പെട്ടെന്ന് സർക്കാരുണ്ടാക്കുന്നതില്‍ നിന്ന് ബിജെപിയെ പിൻവലിക്കുന്ന പ്രധാന ഘടകം. വിമത എംഎല്‍എമാരെ കൂട്ടുപിടിച്ച് സർക്കാരുണ്ടാക്കാൻ ശ്രമിച്ചാല്‍ അവരെ അയോഗ്യരാക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്.
17 വിമത കോൺഗ്രസ്- ജെഡി (എസ്) എംഎൽഎമാരിൽ മൂന്നുപേരെ കർണാടക നിയമസഭാ സ്പീക്കർ കെആർ രമേശ് കുമാർ അയോഗ്യരാക്കിയതോടെയാണ് സർക്കാരുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് ബിജെപി പെട്ടെന്ന് പിൻമാറിയത്. ബിജെപി സർക്കാർ രൂപീകരിച്ചാല്‍ മന്ത്രി സ്ഥാനം ലഭിക്കുമെന്ന് കരുതിയവരെയാണ് ഇപ്പോൾ അയോഗ്യരാക്കിയത്. ഇവർക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ നിയമവഴി തേടേണ്ടതുണ്ട്. കോൺഗ്രസ് എംഎൽഎമാരായ രമേശ് എൽ ജാർക്കിഹോളി, മഹേഷ് കുമതഹള്ളി എന്നിവരെയും പ്രജാകിയ ജനതാ പാർട്ടി നിയമസഭാംഗമായ ആർ ശങ്കറിനെയുമാണ് അയോഗ്യരാക്കിയത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിക്ക് 112 എംഎല്‍എമാരുടെ പിന്തുണ വേണമെന്നിരിക്കെ കൂടുതല്‍ വിമതരെ അയോഗ്യരാക്കുമെന്ന സൂചനയാണ് കോൺഗ്രസും സ്പീക്കർ രമേശ് കുമാറും നല്‍കുന്നത്. അതുകൊണ്ട് തന്നെ അമിതാവേശത്തില്‍ സർക്കാരുണ്ടാക്കേണ്ടെന്ന നിലപാടാണ് ബിജെപി കേന്ദ്രനേതൃത്വത്തിനുമുള്ളത്.