കൊൽക്കത്ത: ജനങ്ങൾക്ക് ജില്ലാ മജിസ്‌ട്രേറ്റിന്‍റെയും പൊലീസ് സൂപ്രണ്ടുമാരുടെയും മേൽനോട്ടത്തിൽ വാതിൽപ്പടിയിൽ ഭക്ഷണം ലഭ്യമാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ഭക്ഷണത്തിന്‍റെ ദൗർലഭ്യം ഇല്ലെന്ന് ഉറപ്പുവരുത്തുമെന്നും അതിന് എല്ലാ പൊലീസ് സ്റ്റേഷനുകളേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മമത ബാനർജി പറഞ്ഞു.
സോഷ്യൽ പെൻഷൻ പദ്ധതി പ്രകാരം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ ഉടമകൾക്ക് ഉടൻ തന്നെ ലഭ്യമാക്കും. അവശ്യ സേവനങ്ങളിൽ ഏർപ്പെടുന്ന ആളുകളെ പൊലീസ് തടയുന്നതിനെക്കുറിച്ച് സംസാരിച്ച മമത ബാനർജി ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെയോ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥനെയോ കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അറിയിച്ചു.
ആളുകൾക്ക് സംഭാവനകൾ നൽകാൻ സംസ്ഥാന അടിയന്തര ദുരിതാശ്വാസ നിധി സർക്കാർ ആരംഭിച്ചിട്ടുണ്ട്. സംഭാവനകൾ അക്കൗണ്ട് നമ്പർ 628005501339, ഐഎഫ്‌എസ്‌സി: ഐസിഐസി 10006280, വെബ്‌സൈറ്റ്: wb.gov.in എന്നതിൽ അയക്കാം. മാർച്ച് 31 ന് സർക്കാർ സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും മമത ബാനർജി പറഞ്ഞു.