മുംബൈ: പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് ശിവസേന. പാര്‍ട്ടി നേതാവായ പ്രിയങ്ക ചതുര്‍വേദിയാണ് പ്രതികരണവുമായെത്തിയത്. സന്ദര്‍ശനം പ്രധാനമാണെന്നും ജൂണ്‍ 19 ലെ അദ്ദേഹത്തിന്‍റെ പ്രസ്‌താവനയ്‌ക്ക് ശേഷം സൈനികരോട് ഐക്യദാര്‍ഢ്യം അറിയിക്കുന്ന സന്ദേശമാണ് സന്ദര്‍ശനം നല്‍കുന്നതെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. അന്ന് അദ്ദേഹം നടത്തിയ അഭിപ്രായത്തെ വിമര്‍ശിച്ചെങ്കിലും ഇന്ന് അദ്ദേഹത്തെ അംഗീകരിക്കേണ്ടതുണ്ടെന്നും പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്‌തു.
ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ പ്രധാനമന്ത്രി ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവേനയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ നിമുവിലെത്തിയ പ്രധാനമന്ത്രി കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.