ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അദേഹത്തിന്‍റെ നിയോചക മണ്ഡലമായ വാരണാസി സന്ദർശിക്കും. സന്ദർശന വേളയിൽ ദേശീയപാത 19 ലെ ഹാൻഡിയ-രാജതലാബ് വിഭാഗം രാജ്യത്തിനായി സമർപ്പിക്കും. കൂടാതെ കാശി വിശ്വനാഥ് ടെമ്പിൾ കോറിഡോർ പ്രോജക്റ്റും സാരനാഥ് ആർക്കിയോളജിക്കൽ സൈറ്റും അദേഹം സന്ദർശിക്കും. ശേഷം വാരണാസിയിലെ ദേവ് ദീപാവലിയിൽ പങ്കെടുക്കുമെന്നും അധികൃതർ അറിയിച്ചു.
എൻഎച്ച് -19ലെ ഹാൻഡിയ-രാജതലാബ് ഭാഗം വീതി കൂട്ടി ആറുവരിപ്പാതയാക്കിയതിന്‍റെ ഉദ്ഘാടനമാണ് ഇന്ന് പ്രധാനമന്ത്രി നിർവഹിക്കുന്നത്. 2,447 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആറുവരിപ്പാത 73 കിലോമീറ്ററാണ്. ഇതോടെ അലഹബാദിനും വാരണാസിക്കും ഇടയിലുള്ള യാത്രാ സമയം ഒരു മണിക്കൂർ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കാർത്തിക മാസത്തിലെ എല്ലാ പൂർണിമ നാളിലും നടക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി പ്രധാനമന്ത്രി വാരണാസിയിലെ രാജ് ഘട്ടിൽ മൺ വിളക്ക് തെളിയിക്കും. ഗംഗയുടെ രണ്ട് തീരങ്ങളിലും പതിനൊന്ന് ലക്ഷം ദീപങ്ങളാണ് തെളിയുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.