ന്യൂഡൽഹി: രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റുമായ സച്ചിൻ പൈലറ്റ് ബിജെപിയിൽ ചേരില്ലെന്ന് വൃത്തങ്ങൾ. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് വിട്ടു നിന്നതും സച്ചിൻ പൈലറ്റ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന സാഹചര്യത്തിലാണ് വെളിപ്പെടുത്തൽ.
പാർട്ടിയിൽ പ്രതിസന്ധി ഇല്ലെന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വ്യക്തമാക്കി. സർക്കാരിന് പിന്തുണ അറിയിച്ച് 109 എംഎൽഎമാർ പാർട്ടി വിടില്ലെന്ന കത്തിൽ ഒപ്പിട്ടിരുന്നു എന്നും വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വ്യക്തമാക്കി. യോഗത്തിൽ നിന്ന് വിട്ടു നിന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പാർട്ടി വ്യക്തമാക്കി. ഗെഹ്‌ലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതാണ് സച്ചിൻ പൈലറ്റിനെ പാർട്ടിക്കെതിരാക്കിയത്. എംഎൽഎമാരുടെ കൂറ് മാറ്റ ഭീഷണിക്ക് പിന്നിൽ പൈലറ്റ് ആണെന്ന് ഗെലോട്ട് പക്ഷം ആരോപിച്ചിരുന്നു. എന്നാൽ ഈ അപമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി. 30 കോൺഗ്രസ് എംഎൽഎമാരും ഏതാനും സ്വാതന്ത്ര എംഎൽഎമാരും തനിക്കൊപ്പം ഉണ്ടെന്നും പൈലറ്റ് പറഞ്ഞു.