ന്യൂഡൽഹി: ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് തിരികെ പോകാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. തൊഴിലാളികളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം ഫലം നെഗറ്റീവായാൽ അതാത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കണമെന്നും സംസ്ഥാന സർക്കാരുകൾ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
അസോസിയേഷൻ ഫോർ ഡേമോക്രാറ്റിക് റീഫോംസ് മുൻ പ്രൊഫസറും സ്ഥാപക നേതാക്കളിലൊരാളായ ജഗദീപ് എസ് ചോക്കർക്കും അഭിഭാഷകനായ സൗരവ് ജെയിനൊപ്പം അഭിഭാഷകനായ പ്രശാന്ത് ഭൂഷനാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചത് ഇതര സംസ്ഥാന തൊഴിലാളികളെ ആണെന്നും ഇവരെ വീടുകളിലേക്ക് പോകാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.