ന്യൂഡൽഹി: രാജ്യ വ്യാപകമായി ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാളികൾക്ക് 'വൺ നേഷൻ-വൺ റേഷൻ കാർഡ്' പദ്ധതിയിലൂടെ ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കണമെന്ന് ആവശ്യവുമായി സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമര്‍പ്പിച്ചു. ലോക്ക് ഡൗണിനിടയിൽ കുടിയേറ്റ തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങളും പ്രയോജനകരമായ പദ്ധതികളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് അഭിഭാഷകൻ റീപക് കൻസാലാണ് ഹര്‍ജി സമര്‍പ്പിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്‌എസ്‌എ), 2013 പ്രകാരം രാജ്യത്ത് ന്യായ വിലക്കടയിൽ നിന്ന് തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാൻ ഗുണഭോക്താവിനെ അനുവദിക്കണമെന്ന് അഭിഭാഷകൻ റീപക് കൻസാൽ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾ, ബിസിനസുകാർ, വിനോദസഞ്ചാരികൾ, വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത ദിവസക്കൂലിക്ക് പണിയെടുക്കുന്നവര്‍ തുടങ്ങി നിരവധിപ്പേര്‍ ലോക്ക് ഡൗണിനെത്തുടര്‍ന്ന് പട്ടിണിയിലാണെന്നും അദ്ദേഹം ആരോപിച്ചു. "വൺ നേഷൻ വൺ റേഷൻ കാർഡ്" പദ്ധതി 2020 ജൂൺ മുതലാണ് ആരംഭിക്കുകയെന്നും "കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും വിവേചനമില്ലാതെ 'ഒരു രാഷ്ട്ര വൺ റേഷൻ കാർഡ്' പദ്ധതി മുന്നോട്ട് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.