ന്യൂഡല്‍ഹി: പെട്രോൾ, ഡീസല്‍ വില തുടര്‍ച്ചയായ നാലാം ദിവസവും കുതിക്കുന്നു. ഇറാനിലെ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം വധിച്ചതിന് പിന്നാലെയാണ് ആഗോള എണ്ണവില കുതിച്ചുയരുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരുടെ അറിയിപ്പ് പ്രകാരം പെട്രോളിന് ലിറ്ററിന് 9 പൈസയും ഡീസലിന് 11 പൈസയും ഉയർന്നു. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 75.54 രൂപയാണ് വില. ഡീസലിന് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 68.51 രൂപയും. അതേസമയം വാരാന്ത്യ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച എണ്ണ വിപണി വീണ്ടും തുറക്കും.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ആഗോള എണ്ണവില വര്‍ധനവ് നേരിട്ട് ബാധിക്കും. ആറ് വർഷത്തെ കുറഞ്ഞ വളർച്ചാ നിരക്കായ 4.5 ശതമാനത്തിൽ നിന്ന് കരകയറാൻ പാടുപെടുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ എണ്ണവിലയിലുണ്ടായ വർധന വീണ്ടും ദുരിതത്തിലാക്കും.