ന്യൂഡൽഹി: വ്യക്തിഗത ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലുമായി ബന്ധപ്പെട്ട് പേടിഎം, ഗൂഗിൾ പ്രതിനിധികൾ സംയുക്ത പാർലമെന്‍ററി കമ്മിറ്റിയ്ക്ക് (ജെപിസി) മുമ്പാകെ ഹാജരായി. ഉപഭോക്താക്കളുടെ ഡാറ്റാ പരിരക്ഷണത്തെക്കുറിച്ച് ഈ കമ്പനികളുടെ പ്രതിനിധികളിൽ നിന്നുള്ള ആശയങ്ങളും വിശദമായ വിവരങ്ങളും ജെപിസി ശേഖരിച്ചു.ടെലികമ്മ്യൂണിക്കേഷൻ കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, ക്യാബ് അഗ്രിഗേറ്റർ കമ്പനികളായ ഓല, ഉബർ എന്നിവയുടെ പ്രതിനിധി യോഗം ജെപിസി അടുത്തയാഴ്ച വിളിക്കും.
നവംബർ 4ന് റിലയൻസ് ജിയോയുടെ പ്രതിനിധികളോട് ജെപിസിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഓല, ഉബർ പ്രതിനിധികൾ നവംബർ 5ന് പാർലമെന്‍ററി കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. ഭാരതി എയർടെൽ, ട്രൂകോളർ പ്രതിനിധികളെ നവംബർ 6ന് വിളിക്കും. നേരത്തെ ട്വിറ്റർ, ഫേസ്ബുക്ക്, ആമസോൺ എന്നിവയുടെ പ്രതിനിധികൾ ജെപിസിക്ക് മുമ്പാകെ പ്രാതിനിധ്യം സമർപ്പിച്ചിരുന്നു. പാർലമെന്‍റിൽ 2019ലെ വ്യക്തിഗത ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ അവതരിപ്പിക്കുന്നതിനുമുമ്പ് എല്ലാ പങ്കാളികളിൽ നിന്നുമുള്ള അഭിപ്രായങ്ങൾ കൂട്ടിച്ചേർക്കാനാണ് ലക്ഷ്യമിടുന്നത്.