ഡെറാഡൂണ്‍: കൊവിഡ് 19 ഭേദമാക്കാന്‍ ആയുര്‍വേദ മരുന്നുമായി പതഞ്‌ജലി. കൊറോണില്‍-സ്വാസരി എന്നാണ് മരുന്നിന്‍റെ പേര്. മൂന്ന് മുതല്‍ ഏഴ് ദിവസം കൊണ്ട് നൂറുശതമാനവും കൊവിഡ് ഭേദമാവുമെന്നാണ് യോഗാ ഗുരു രാംദേവിന്‍റെ അവകാശവാദം. പതഞ്‌ജലി റിസര്‍ച്ച് സെന്‍ററും എന്‍ഐഎംഎസും സംയുക്തമായാണ് മരുന്ന് നിര്‍മിക്കുന്നത്. 280 രോഗികളില്‍ മരുന്ന് പരീക്ഷിക്കുകയും നൂറ് ശതമാനം വിജയം കണ്ടെത്തുകയും ചെയ്‌തെന്ന് ഗുരു രാംദേവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെ രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 69 ശതമാനം രോഗികള്‍ക്കും മൂന്ന് ദിവസം കൊണ്ട് രോഗം ഭേദമായെന്ന് വാര്‍ത്താ സമ്മേളത്തില്‍ രാംദേവ് പറഞ്ഞു. ഒരാഴ്‌ച കൊണ്ട് നൂറുശതമാനം രോഗമുക്തി നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,40,215 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,933 പുതിയ കൊവിഡ് കേസുകളും 312 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.