ന്യൂഡൽഹി: പതഞ്ജലിക്ക് ഉൽപ്പന്നം വിൽക്കാൻ കഴിയുമെന്ന് കേന്ദ്ര മന്ത്രാലയം സ്ഥിരീകരിച്ചു. കൊവിഡ് പ്രതിരോധത്തിനായി പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ എന്ന മരുന്ന് വിൽക്കാൻ ആയുഷ് മന്ത്രാലയത്തിന് നിയന്ത്രണങ്ങളൊന്നുമില്ലെന്ന് പതഞ്ജലി ആയുർവേദ് വ്യക്തമാക്കി. എന്നാൽ കൊറോണിൽ കൊവിഡിനുള്ള ചികിത്സയല്ല. ഇമ്മ്യൂണിറ്റി ബൂസ്റ്ററായി വിൽക്കാൻ മാത്രമേ ആയുഷ് മന്ത്രാലയം അനുമതി നൽകിയിട്ടുള്ളു. കൊവിഡ് പ്രതിരോധത്തിനായി പതഞ്ജലി ഉചിതമായി പ്രവര്‍ത്തിച്ചുവെന്ന് മന്ത്രാലയം പറഞ്ഞതായി ഹരിദ്വാറിൽ പത്രസമ്മേളനത്തിൽ രാംദേവ് അവകാശപ്പെട്ടിരുന്നു.
കൊവിഡ് ചികിത്സ എന്നതിന് പകരം കൊവിഡ് പ്രതിരോധം എന്ന പദം ഉപയോഗിക്കാൻ കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും രാംദേവ് പറഞ്ഞു. ഉത്തരാഖണ്ഡ് സർക്കാർ ലൈസൻസിങ് അതോറിറ്റി, ആയുർവേദ, യുനാനി സർവീസസ് എന്നിവ നൽകിയ നിർമാണ ലൈസൻസുകൾ പ്രകാരം പതഞ്ജലിക്ക് ദിവ്യ കൊറോനിൽ ടാബ്‌ലെറ്റ്, ദിവ്യ സ്വസാരി വതി, ദിവ്യ അനു തലിയ എന്നിവ ഇന്ത്യയിലുടനീളം നിർമിക്കാനും വിതരണം ചെയ്യാനും അനുമതിയുണ്ട്.