മംഗളൂരു: ദുബായില്‍ നിന്നുള്ള വിമാനത്തില്‍ മംഗളൂരുവിലെത്തിയ യാത്രക്കാരനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ശക്തമായ പനി അടക്കമുള്ള കൊവിഡ് 19 ലക്ഷണങ്ങള്‍ കണ്ടതിനാലാണ് നടപടി. അടുത്ത 24 മണിക്കൂര്‍ ഇയാളെ നിരീക്ഷണത്തില്‍ വയ്‌ക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സിക്കന്ദര്‍ പാഷ അറിയിച്ചു. പനിയുണ്ടെങ്കിലും വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐസൊലേഷന്‍ വാര്‍ഡിലുള്ള ആളില്‍ നിന്ന് ശേഖരിച്ച സ്രവങ്ങള്‍ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. അതേസമയം മംഗലൂരുവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ആള്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. അതിനാല്‍ അദ്ദേഹത്തിന് ആശുപത്രി വിടാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 15 ദിവസത്തിനിടെ 30,000 പേരെയാണ് മംഗളൂരു വിമാനത്താവളത്തില്‍ പരിശോധിച്ചത്. വിദേശത്തുനിന്ന് വരുന്ന എല്ലാ വിമാനങ്ങളിലെയും യാത്രക്കാരെ ഇവിടെ പരിശോധനയ്‌ക്ക് വിധേയരാക്കുന്നുണ്ട്.