ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം സെക്ടറിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖയിൽ മോർട്ടാർ ഷെല്ലുകൾ പ്രയോഗിച്ചതായും പ്രതിരോധ വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നൗഗാം സെക്ടറിലെ നിയന്ത്രണ രേഖയിൽ മോർട്ടാറുകളും മറ്റ് ആയുധങ്ങളും പ്രയോഗിച്ച് പാകിസ്ഥാൻ വെടിനിർത്തൽ നിയമലംഘനം നടത്തിയെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ് പറഞ്ഞു.
വെടിനിർത്തൽ നിയമലംഘനത്തിന് ഇന്ത്യൻ സൈന്യം ഉചിതമായ പ്രതികരണമാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്താൻ കാശ്മീരിലെ ഉറി, തങ്‌ധാർ മേഖലകളിലെ നിയന്ത്രണ രേഖയിലും ജമ്മുവിന്‍റെ രാജൗരി, പൂഞ്ച് , പിർ പഞ്ജലിന്‍റെ തെക്ക് ഭാഗത്തും വെടിനിർത്തൽ നിയമലംഘനങ്ങൾ നടന്നു. ജൂൺ 10 വരെ 2,027 വെടിനിർത്തൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു.