ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പാകിസ്ഥാന്‍ വ്യോമപാത നിഷേധിച്ച സംഭവം ഖേദകരമെന്ന് ഇന്ത്യ. പാക് വ്യോമപാത വഴി മോദിയുടെ പ്രത്യേക വിമാനം കടന്നു പോകാനുള്ള അനുമതി നല്‍കില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
പാകിസ്ഥാന്‍ അന്താരാഷ്ട്ര മര്യാദ പാലിക്കണമെന്നും ഏകപക്ഷീയമായി നടപടിയെടുക്കുന്നതിന് തെറ്റായ കാരണങ്ങള്‍ നിരത്തുന്ന പതിവ് സ്വഭാവം മാറ്റണമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീശ് കുമാര്‍ ആവശ്യപ്പെട്ടു.
രണ്ടാഴ്‌ചക്കുള്ളില്‍ രണ്ടാം തവണയാണ് പാകിസ്ഥാന്‍ വ്യോമപാത ഉപയോഗിക്കാനുള്ള ഇന്ത്യന്‍ അഭ്യര്‍ഥന നിഷേധിക്കുന്നത്. മുമ്പ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ പര്യടനത്തിനും പാകിസ്ഥാന്‍ അനുമതി നിഷേധിച്ചിരുന്നു. സെപ്തംബര്‍ 21 മുതല്‍ 27 വരെയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം.
കശ്മീരിന്‍റെ പ്രത്യേക പദവി നീക്കിയ നടപടിയെ പ്രതിഷേധിച്ച് പാകിസ്ഥാന്‍ വ്യോമപാത അടച്ചിട്ടിരുന്നു.അന്താരാഷ്ട്ര തലത്തില്‍ കശ്മീര്‍ വിഷയം ഉയര്‍ത്താനും പാക്കിസ്ഥാന്‍ ശ്രമം നടത്തിയിരുന്നു.