ന്യൂഡൽഹി: കുൽഭൂഷൺ ജാദവിനെ കാണാൻ മൂന്നാം തവണയും പാക് അനുമതി. ഇതു സംബന്ധിച്ച വാർത്ത പാക് മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു. നേരത്തെ കുൽഭൂഷൺ ജാദവിനെ കാണാൻ അനുമതി ലഭിച്ച നയതന്ത്ര ഉദ്യോഗസ്ഥർക്ക് പൂർണരീതിയിലുള്ള ആശയവിനിമയം നടത്താനായില്ലന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
നിയമകാര്യങ്ങളിൽ അദ്ദേഹത്തിന്‍റെ അനുവാദം വാങ്ങുന്നതിൽനിന്ന് പാകിസ്ഥാൻ ഇന്ത്യയെ തടഞ്ഞതായും പാകിസ്ഥാൻ ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്ന കുൽഭൂഷണ്‍ കടുത്ത സമ്മർദത്തിലായിരുന്നെന്നും ഇന്ത്യ വ്യക്തമാക്കി. പാക് ഉദ്യോഗസ്ഥരും ക്യാമറയും ഉണ്ടായിരുന്നതിനാൽ തുറന്ന സംഭാഷണം സാധ്യമായില്ലെന്നും ഇന്ത്യ അറിയിച്ചു.
ഇത് മൂന്നാം തവണയാണ് കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യയ്ക്ക് അനുമതി ലഭിച്ചരിക്കുന്നത്. ജാദവിനെ കാണാന്‍ അനുമതി നല്‍കുമെന്ന് പാകിസ്ഥാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ച്ചയിൽ അനാവശ്യമായി നിബന്ധനകള്‍ പാടില്ലെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. വധശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാന്‍ തയ്യാറായില്ലെന്നും പകരം താന്‍ സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ കുല്‍ഭൂഷണ്‍ ആവശ്യപ്പെട്ടെന്നുമായിരുന്നു നേരത്തെ പാകിസ്ഥാൻ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ജാദവിനെ കാണാന്‍ അനുമതി തേടിയത്. ഇക്കാര്യത്തില്‍ പാക് വാദം തള്ളിയ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ അട്ടിമറിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും ആരോപിച്ചിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി പാക് ഇക്കാര്യത്തില്‍ അനാവശ്യ പുക മറ സൃഷ്ടിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വധശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാനില്ലെന്ന് പാകിസ്ഥാൻ ജാദവിനെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിച്ചതാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. ഇന്ത്യന്‍ മുന്‍ സൈനികന്‍റെ ജീവന്‍ രക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.