ലഖ്നൗ: യുപിയില്‍ പ്രളയബാധിത ജില്ലകളിലെ കര്‍ഷകരുടെ അക്കൗണ്ടിലേയ്ക്ക് 113.21 കോടി നിക്ഷേപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രളയം ദുരിതം വിതച്ച 19 ജില്ലകളിലെ 3,48,511 കര്‍ഷകര്‍ക്കാണ് ഇതുവഴി സഹായം ലഭിച്ചത്. മഴയില്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്‌ടപരിഹാരമായി ഓണ്‍ലൈന്‍ വഴിയാണ് പണം നിക്ഷേപിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നു. നിങ്ങളുടെ കഠിനാധ്വാനവും നാശനഷ്‌ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ചെറിയ തുകയാണെന്നും നിങ്ങളുടെ താല്‍പര്യങ്ങളോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണിതെന്നും മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ കര്‍ഷകരെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു.
കര്‍ഷകര്‍ക്ക് വിളകള്‍ക്ക് ന്യായമായ വില ഉറപ്പാക്കണമെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും കര്‍ഷകരെ ചൂഷണം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതി തുടരുന്നുണ്ടെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു. പിഎം ഇറിഗേഷന്‍, പിഎം ക്രോപ് ഇന്‍ഷുറന്‍സ്, പിഎം കിസാന്‍ സമ്മാന്‍ നിധി തുടങ്ങിയവ ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.