ലഖ്‌നൗ: ഉത്തർപ്രദേശിൽ കൊവിഡ് -19 പരിശോധനകളുടെ എണ്ണം ഒരു കോടി കടന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ആറ് ജില്ലകളിലെ ലെവൽ1, ലെവൽ2 ആശുപത്രികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് ഉത്തർപ്രദേശിൽ ഒരു കോടി കൊവിഡ് പരിശോധനകൾ പൂർത്തിയാക്കിയെന്നും കഴിഞ്ഞ 45 ദിവസമായി പ്രതിദിനം 1.5 ലക്ഷം പരിശോധനകൾ നടത്തിയെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. 50,000- 55,000 ആർടി പിസിആർ പരിശോധനകളും 3,000 ട്രൂനാറ്റ് പരിശോധനകളും ബാക്കി ആന്‍റിജൻ പരിശോധനകളും സംസ്ഥാനത്ത് നടത്തിയിരുന്നു.
ആറുമാസം മുൻപ് കൊറോണ വൈറസിനെ നേരിടാൻ സൗകര്യങ്ങളില്ലാത്തതിനാൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി രോഗികളെ ഡൽഹിയിലേക്ക് ശുപാർശ ചെയ്യേണ്ടി വന്നിരുന്നുവെന്നും എന്നാൽ ഇപ്പോൾ വിവിധ ആശുപത്രികളിൽ ലെവൽ1, ലെവൽ2 സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് നിലവിൽ സംസ്ഥാനത്ത് 52,160 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 3,36,981 പേർക്ക് രോഗമുക്‌തി നേടുകയും ചെയ്‌തു.