അമരാവതി: അടുത്ത മൂന്ന് നാല് മാസത്തിനുള്ളിൽ ആന്ധ്രാപ്രദേശിൽ ഒരു കോടി കൊവിഡ് വാക്‌സിൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡി. വാക്‌സിൻ വിതരണത്തിന് സർക്കാർ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ 3.6 ലക്ഷം ആരോഗ്യ പ്രവർത്തകർക്കും ഏഴ് ലക്ഷം മുന്നണി പോരാളികൾക്കും 50 വയസിനു മുകളിലുള്ള 90 ലക്ഷം പേർക്കും വാക്‌സിൻ നൽകും.
29 ശീതീകരിച്ച വാഹനങ്ങളും ആവശ്യമായ കോൾഡ് ബോക്‌സുകളും സിറിഞ്ചുകളും കേന്ദ്രം വിതരണം ചെയ്യുമെന്നും വാക്‌സിൻ കൈകാര്യം ചെയ്യാൻ സംസ്ഥാനം തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിൻ നൽകുന്നതിന് 19,000 എ.എൻ.എമ്മുകൾ (ഓക്‌സിലറി നഴ്‌സിങ് മിഡ്‌വൈഫറി) ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.