ന്യൂഡൽഹി: കൊവിഡ് 19 ജൈവ യുദ്ധമാണെന്ന നിഗമനത്തിൽ എത്താൽ സാധിക്കില്ലെന്നും വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് ഇനിയും ഉത്തരങ്ങൾ ലഭിച്ചിട്ടില്ലെന്നും സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് പറഞ്ഞു.
കൊവിഡിന്റെ ഉത്ഭവത്തെ കുറിച്ച് ഇന്ത്യ അന്വേഷണം ആരംഭിച്ചോ എന്ന ചോദ്യത്തിന്, ഈ ഘട്ടത്തിൽ പകർച്ചവ്യാധിയെ തടയാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അന്വേഷണങ്ങൾ പിന്നീടാകാമെന്നും ബിപിൻ റാവത്ത് മറുപടി നൽകി. വൈറസിനെതിരെ വാക്സിൻ കണ്ടെത്താൻ ഇന്ത്യക്ക് ഉടൻ കഴിയുമെന്ന ആത്മവിശ്വാസവും ജനറൽ റാവത്ത് പ്രകടിപ്പിച്ചു.
ലോകത്ത് 2,33,000 പേരുടെ മരണത്തിന് ഇടയാക്കിയ, ആഗോള സമ്പദ്‌വ്യവസ്ഥയെ തകർത്ത കൊറോണ വൈറസ് ചൈനയിലെ വുഹാൻ നഗരത്തിലെ വൈറോളജി ലാബിൽ നിന്നാണ് ഉണ്ടായതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ട്രംപിന്‍റെ പ്രസ്താവന അദ്ദേഹത്തിന്റെ സ്വന്തം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനത്തിൽ നിന്നും ഉണ്ടായതാകാം. കൊറോണ വൈറസ് ചൈനയിലെ പ്രീമിയർ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണോ ഉണ്ടായതെന്ന അന്വേഷണം യുഎസ് ആരംഭിച്ച് കഴിഞ്ഞു. എന്നാൽ ആരോപണങ്ങളെ ചൈന ശക്തമായി നിരസിച്ചു.