ഹൈദരാബാദ്: പാകിസ്ഥാനിലെ നാനകാന സാഹിബ് ഗുരുദ്വാരയിൽ വെള്ളിയാഴ്‌ച നടന്ന അക്രമ സംഭവങ്ങൾക്ക് ശേഷം നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാൽ സംഭവത്തെത്തുടർന്ന് ശനിയാഴ്‌ച ഗുരുദ്വാരയിൽ നഗർ കീർത്തനം നടത്താൻ അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി.
വെള്ളിയാഴ്‌ച പ്രകോപിതരായ ഒരു സംഘം ഗുരുദ്വാരയ്ക്ക് നേരെ കല്ലെറിഞ്ഞിരുന്നു. ഗുരുദ്വാര ഗ്രാന്തിയുടെ മകൾ ജഗ്‌ജിത് കൗറിനെ തട്ടിക്കൊണ്ടുപോയ ആൺകുട്ടിയുടെ കുടുംബമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുദ്വാരയെ ചില ഗ്രൂപ്പുകൾ അപമാനിച്ചുവെന്ന റിപ്പോർട്ടുകൾ പാകിസ്ഥാന്‍ അധികൃതര്‍ നിഷേധിച്ചു. സംഭവത്തെ അപലപിച്ച ഇന്ത്യ, സിഖ് സമുദായത്തിലെ അംഗങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടു.