ലക്നൗ: കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന സർക്കാർ ആശുപത്രിയിലെ ശുചിത്വ ജീവനക്കാർ പ്രതിഷേധിച്ചു. ഉത്തർ പ്രദേശിലെ ഗൌതം ബുദ്ധ നഗർ ജില്ലയിലെ സർക്കാർ ആശുപത്രി ജീവനക്കാരാണ് പ്രതിഷേധിച്ചത്.ആവശ്യത്തിന് സുരക്ഷാ കിറ്റുകൾ ഇല്ലെന്ന് ആരോപിച്ച് ജില്ലാ മജിസ്‌ട്രേറ്റിന്റെ ക്യാമ്പ് ഓഫീസിന് പുറത്ത് പ്രതിഷേധക്കാർ പ്രകടനം നടത്തി. വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്നും സുരക്ഷാ കിറ്റുകൾ നൽകുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് സുഹാസ് എൽ വൈ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോയത്.
ശുചിത്വ തൊഴിലാളികൾക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അവരുടെ ശമ്പള വർധനവ് സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
138 പേർക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ചത്. ഇതിൽ 88 രോഗികൾ സുഖം പ്രാപിച്ചു. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഈ ജില്ലയിലാണ്.