ചെന്നൈ: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കൊവിഡ് 19 സംബന്ധിച്ച റിപ്പോര്‍ട്ടുകളും കിംവദന്തികളും പരക്കുന്നു. സൂര്യഗ്രഹണം കഴിയുന്നതോടെ കൊവിഡ് വ്യാപന തോത് ഗണ്യമായി കുറയുമെന്നാണ് അഭ്യൂഹങ്ങൾ. എന്നാല്‍ അത്തരം അവകാശവാദങ്ങളെ ശരിവയ്ക്കുന്നതിന് യാതൊരു വിധ തെളിവുകളുമില്ലെന്നാണ് ശാസ്ത്ര സമൂഹം അഭിപ്രായപ്പെടുന്നത്.
കൊവിഡും സൂര്യഗ്രഹണവും സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകൾ അടിസ്ഥാനരഹിതമാണെന്ന് തമിഴ്‌നാട് സയൻസ് ആൻഡ് ടെക്‌നോളജി സെന്‍റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.സൗന്ദരരാജ പെരുമാൾ അവകാശപ്പെട്ടു. അത്തരം റിപ്പോർട്ടുകൾ പരിശോധിച്ചുറപ്പിക്കുന്ന തെളിവുകളൊന്നും പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു ആകാശ സംഭവവികാസവും ഉത്രകണ്‌ഠയോടെയാണ് കാണുന്നത്. എന്നാല്‍ സൂര്യഗ്രഹണത്തിലൂടെ കൊവിഡിന്‍റെ തോത് കുറയുമെന്ന് കരുതുന്നില്ല. പകര്‍ച്ചവ്യാധിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സാധാരണ ജ്യോതിശാസ്ത്ര സംഭവമാണ് സൂര്യഗ്രഹണം. കൂടാതെ സൂര്യഗ്രഹണം അണുബാധയുടെ തോത് കുത്തനെ കുറയ്ക്കുന്നതിന് കാരണമാകുമെന്നതിന് തെളിവുകളൊന്നുമില്ല. സൂര്യഗ്രഹണം ഒരു നല്ല സൂചനയായി കാണുന്നുവെന്നും എസ്.പെരുമാൾ പറഞ്ഞു.
ചന്ദ്രന്‍, സൂര്യനും ഭൂമിയ്ക്കുമിടയില്‍ വരുന്നതിന്‍റെ ഭാഗമായി ഭൂമിയുടെ ഉപരിതലത്തില്‍ ചന്ദ്രന്‍റെ നിഴല്‍ പതിക്കുമ്പോഴാണ് സൂര്യഗ്രഹണം അനുഭവപ്പെടുന്നത്. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുന്ന സ്ഥലത്ത് ഇരുട്ടനുഭവപ്പെടും. ആ സമയം വളരെ ചെറിയതായിരിക്കും. അല്ലാത്ത ഇടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണവും അനുഭവപ്പെടും. സൂര്യന്‍റെ മധ്യത്തെ മാത്രം മറയ്ക്കുമ്പോള്‍ അത് വലയ ഗ്രഹണമായി മാറും.
ഏഷ്യ, ആഫ്രിക്ക, ചൈന, ഇന്ത്യ, മധ്യ ആഫ്രിക്ക ഉൾപ്പെടെ 14 രാജ്യങ്ങളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യയിൽ, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവയുടെ വടക്കൻ ഭാഗങ്ങളിലും ചെന്നൈ, വെല്ലൂർ, കോയമ്പത്തൂർ, ട്രിച്ചി, മധുര, കന്യാകുമാരി, പുതുച്ചേരി എന്നിവിടങ്ങളിലും വലയ ഗ്രഹണം ദൃശ്യമാകും. ചെന്നൈയിൽ രാവിലെ 10.22നും ഉച്ചയ്ക്ക് 1.41നും ഇടയിൽ സൂര്യഗ്രഹണം ദൃശ്യമാകും. 11.58ന് അത് പൂര്‍ണതിയിലെത്തുമെന്നും പെരുമാൾ പറഞ്ഞു.