ന്യൂഡൽഹി: നിർഭയ കേസിൽ പ്രതി മുകേഷ് സിംഗിന്‍റെ ഹർജി സുപ്രീം കോടതി തള്ളിയതിനെ സ്വാഗതം ചെയ്ത് നിർഭയയുടെ അമ്മ. രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരെ മുകേഷ് സിംഗ് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി തള്ളിയിരുന്നു.
"നീതി നൽകുന്നതിൽ കാലതാമസം നേരിട്ടെങ്കിലും, എടുത്ത തീരുമാനങ്ങൾ എല്ലാം ശരിയാണ്. കേസ് വൈകിപ്പിക്കാൻ മനപൂർവ്വം പ്രതികൾ ഓരോരുത്തരായി അപേക്ഷകൾ സമർപ്പിക്കുകയാണെന്ന് കോടതിക്ക് പോലും മനസ്സിലായിരിക്കുന്നു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഫെബ്രുവരി 1 ന് തന്നെ പ്രതികളെ തൂക്കിലേറ്റുമെന്ന് പ്രതീക്ഷിക്കുന്നു" നിർഭയയുടെ അമ്മ പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി നീതിക്കായി താൻ പോരാടുന്നു. നിയമത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും നിർഭയയുടെ അമ്മ കൂട്ടിച്ചേർത്തു.
ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.