ന്യൂഡല്‍ഹി: നിർഭയ കൂട്ട ബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ വിനയ് ശർമ ജയിലില്‍ സ്വയം പരിക്കേല്‍പ്പിക്കാൻ ശ്രമിച്ചു. ഫെബ്രുവരി 16നാണ് സംഭവം. തിഹാർ ജയിലിലുള്ള പ്രതി തല ഭിത്തിയില്‍ ഇടിപ്പിച്ചാണ് പരിക്കേല്‍പ്പിക്കാൻ ശ്രമിച്ചതെന്ന് ജയില്‍ അധികൃതർ വ്യക്തമാക്കി. വിനയ് ശർമക്ക് ചെറിയ പരിക്കേറ്റതായും അധികൃതർ പറഞ്ഞു.
മാർച്ച് 3ന് രാവിലെ 6 മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ഡല്‍ഹി കോടതി കഴിഞ്ഞാഴ്ച ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തിന്‍റെയും നിർഭയയുടെ മാതാപിതാക്കളുടെയും ഹർജി പരിഗണിക്കുന്നതിനിടെ പട്യാല ഹൗസ് കോടതി പ്രതികൾക്കെതിരെ പുതിയ മരണവാറണ്ടും പുറപ്പടുവിച്ചിരുന്നു.
വിനയ് ശർമ നിരാഹാര സമരത്തിലാണെന്ന് നേരത്തെ ഇയാളുടെ അഭിഭാഷകൻ പറഞ്ഞിരുന്നു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നും അഭിഭാഷകൻ പി സിങ് കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് ഇയാളെ ശ്രദ്ധിക്കണമെന്ന് കോടതി ജയില്‍ അധികൃതർക്ക് നിർദ്ദേശം നല്‍കിയിരുന്നു.
നേരത്തെ ഫെബ്രുവരി 5ന് ഡല്‍ഹി ഹൈക്കോടതി നാല് കുറ്റവാളികൾക്കും എല്ലാ നിയമ സഹായങ്ങളും ലഭ്യമാക്കാൻ ഒരാഴ്ച സമയം അനുവദിച്ചിരുന്നു. ഒരേ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിനാല്‍ പ്രതികളെ പ്രത്യേകം തൂക്കിലേറ്റാൻ ആവില്ലെന്നും വ്യക്തമാക്കിയിരുന്നു.