ന്യൂഡൽഹി: നിർഭയ കൂട്ട ബലാത്സംഗം മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചുവെന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഷീല ദിക്ഷിത്. കേന്ദ്ര സര്‍ക്കാരിന്‍റെ അധികാര പരിധിയിലുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് യാതൊരു അധികാരവുമില്ലെന്നും ഇത്തരത്തിലുള്ള ഒരുപാട് കേസുകൾ ഇപ്പോൾ നടക്കുന്നുണ്ടെന്നും മിറർ നൗവുമായുള്ള അഭിമുഖത്തിൽ ഷീല ദിക്ഷിത് പറഞ്ഞു. രാജ്യത്ത് നിരവധി പീഡന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പലതും ജനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. മാധ്യമങ്ങളിൽ വരുന്ന ഒരുപാട് വാർത്തകളിലൊന്നായി അവ അവഗണിക്കപ്പെടുന്നുവെന്നും ഷീല ദിക്ഷിത് പറഞ്ഞു.
സ്ത്രീ സുരക്ഷ ഉറപ്പു വരുത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനെ കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് അതൊന്നും എന്‍റെ ഉത്തരവാദിത്തമല്ലെന്നും ഡൽഹിയുടെ ചുമതല കേന്ദ്ര സർക്കാരിനാണെന്നുമായിരുന്നു ഷീല ദിക്ഷിത്തിന്‍റെ പ്രതികരണം.