ന്യൂഡൽഹി: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ തടവുകാരെ മോചിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നാരോപിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ മഹാരാഷ്ട്ര സർക്കാരിന് നോട്ടീസ് നൽകി. മനുഷ്യാവകാശ കമ്മിഷൻ ജയിൽ മോണിറ്ററായ മജാ ദരുവാലയാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. ജയിലുകളെക്കുറിച്ചുള്ള പൂർണമായ റിപ്പോർട്ട് നാല് ആഴ്‌ചക്കുള്ളിൽ സമർപ്പിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
മഹാരാഷ്‌ട്ര ചീഫ് സെക്രട്ടറിയോടും ജയിൽ ഡിജിയോടും ഇതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടെന്നും പരാതി ഇതിനോടൊപ്പം അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ജയിൽ തടവുകാരെ പരോളോ, ജാമ്യമോ വഴി പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് മാർച്ച് 23ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഈ നിർദേശമാണ് മഹാരാഷ്‌ട്ര സർക്കാർ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ആരോപണം ഉയർന്നത്.