ന്യൂഡല്‍ഹി: പുതിയ പാർലമെന്‍റ് കെട്ടിട നിര്‍മാണത്തിനായി 971 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഭവന- നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. കെട്ടിടത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചതായും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 10 നായിരുന്നു ശിലാസ്ഥാപനം നടത്തിയത്. 2022 ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ കെട്ടിടം പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും പൊളിക്കുന്നതിനുമായുള്ള ചെലവ് ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ജനാധിപത്യ പൈതൃക മ്യൂസിയം, പാർലമെന്‍റ് അംഗങ്ങൾക്കുള്ള ഒരു ലോഞ്ച്, ഒരു ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിംഗ് ഏരിയകൾ, ധാരാളം പാർക്കിംഗ് സ്ഥലം എന്നിവയ്ക്കു പുറമെ ഭരണഘടനാ ഹാളും പുതിയ കെട്ടിടത്തിലുണ്ടാകും. പുതിയ കെട്ടിടത്തിൽ ലോക്സഭാ ചേംബറിൽ 888 അംഗങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യവും രാജ്യസഭയിൽ 384 സീറ്റുകളും അംഗങ്ങൾക്ക് ലഭിക്കും.