പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഒക്ടോബർ 28, 29 തീയതികളിൽ നടത്തിയ സൗദി സന്ദർശനം നിരവധി മേഖലകളില്‍ മികച്ച പ്രതിഫലനങ്ങൾ സൃഷ്ടിച്ചു. ഇതില്‍ ഊർജ്ജം, സാമ്പത്തികം തുടങ്ങിയ മേഖലകള്‍ എടുത്തു പറയാവുന്നവയാണ്. സൗദിയുടെ സാമ്പത്തിക രംഗത്തിന് ദീർഘകാലമായി ശക്തി പകരുന്നവരാണ് 26 മില്യൺ വരുന്ന പ്രവാസി ഇന്ത്യക്കാർ. ഇവര്‍ക്ക് ശക്തമായ പിന്‍തുണയും സന്ദര്‍ശനത്തിലൂടെ നേടിയെടുക്കാനായി. 2018ൽ സൗദിയിലെ പ്രവാസി ഇന്ത്യാക്കാർ സ്വദേശത്തേക്കയച്ചത് 11 ബില്യൺ ഡോളറിലധികമാണ്. ഇതു മാത്രം മതി സൗദിയുടെ സാമ്പത്തിക രംഗത്ത് ഭാരതത്തിന്‍റെ സ്വാധീനം മനസിലാക്കാന്‍. ലോകത്തെ മുഖ്യശക്തികളിലൊന്നായി മുന്നേറുന്ന ഭാരതം ഗൾഫ് രാഷ്ട്രങ്ങളുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നു എന്നതിനുള്ള മികച്ച ഉദാഹരണമാണ് പ്രധാന മന്ത്രിയുടെ സന്ദർശനം.
നയതന്ത്ര വിഷയത്തിൽ എടുത്ത് പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ബിൻ അബ്ദുൾ അസീസ് അൽ സൗദും നയിച്ച കൗൺസിൽ യോഗം തന്നെയാണ്. 2010 ലെ റിയാദ് പ്രഖ്യാപനത്തിൽ പരാമർശിച്ച നയതന്ത്ര പങ്കാളിത്തത്തിന്റെ പ്രാധാന്യമാണ് കൗൺസിൽ എടുത്തുകാട്ടുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയത്തില്‍ ഉള്‍പ്പെടെ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും നടപ്പിലാക്കുന്നതിലും ക്രിയാത്മക ചർച്ചകൾ നടത്താനുള്ള പശ്ചാത്തലം റിയാദ് പ്രഖ്യാപനം ഒരുക്കുന്നു. ഇരു രാഷ്ട്രങ്ങളുടേയും വിദേശകാര്യ വ്യവസായ മന്ത്രിമാരാണ് കൗൺസിലിന്‍റെ നെടുംതൂണായി പ്രവർത്തിക്കുന്നത്. ഭാരതത്തിന്റെ പ്രധാന ഊർജ്ജ നിക്ഷേപക പങ്കാളികളിലൊന്നായ സൗദി അറേബ്യയുടെ 'വിഷൻ 2030' പദ്ധതി പ്രകാരം ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു.
പ്രധാനമന്ത്രിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള നല്ല ബന്ധത്തിന്‍റെ പ്രതിഫലനം കൂടിയാണ് ഇരു രാജ്യങ്ങളുടേയും ഇടപാടുകൾക്ക് അനുദിനം ശക്തി കൂട്ടുന്നത്. നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഒക്ടോബർ ആദ്യവാരം തന്നെ സൗദി അറേബ്യയിലെത്തിയിരുന്നു.
തന്ത്രപ്രധാന സഹകരണത്തിലൂടെ നാവിക മേഖല സുരക്ഷയും തീവ്രവാദ ഉന്മൂലനവുമാണ് ഇരു രാജ്യങ്ങളും മുന്നോട്ടു പോകുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലും ഗൾഫ് രാജ്യങ്ങളിലും നാവിക മേഖലയിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള ഉഭയകക്ഷി കരാർ ദൃഢമാക്കുന്നതിനുള്ള വഴികൾ തേടുന്നതായിരുന്നു സന്ദർശന ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവന. അടുത്ത വർഷം ജനുവരിയിൽ ഇരു രാഷ്ട്രങ്ങളുടേയും സംയുക്ത നാവികാഭ്യാസപ്രകടനങ്ങൾ നടക്കും. പടിഞ്ഞാറൻ ഇന്തോ പസഫിക് പ്രദേശങ്ങളിലെ സഹകരണം ശക്തമാക്കാനും ഹോർമുസ് ചെങ്കടൽ സാമുദ്ര പാതകളിലൂടെയുള്ള എണ്ണ ഇറക്കുമതിയും രാജ്യാന്തര വ്യാപാരങ്ങളും കൂടുതൽ സുരക്ഷിതമാക്കാനും ലക്ഷ്യമിടുന്നുണ്ട്. നിർണ്ണായക വിവരങ്ങളുടെ കൈമാറ്റം, പ്രതിരോധ രംഗം ബലപ്പെടുത്തുക രാജ്യാതിർത്തിക്കപ്പുറത്ത് നിന്നുള്ള കുറ്റകൃത്യങ്ങളിൽ പഴുതടച്ച നിലപാടുകൾ സ്വീകരിക്കുക തുടങ്ങി തീരുമാനങ്ങള്‍ ഇരു രാഷ്ട്രങ്ങളുടേയും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടും. സൗദിയുടെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭ തീവ്രവാദ വിരുദ്ധ കേന്ദ്രം (യു.എൻ.സി.ടി.സി) വഴി വിവിധ തലങ്ങളിലെ സഹകരണം ഉറപ്പാക്കും.
ആഗോള തലത്തിൽ തന്നെ തീവ്രവാദത്തെ ചെറുത്തു തോൽപ്പിക്കുന്നതിനു വേണ്ടി യുഎൻ പൊതുസഭയിൽ 2011ൽ രൂപം കൊണ്ടതാണ് യു.എൻ.സി.ടി.സി. 2012 ഏപ്രിൽ രണ്ടു മുതൽ ഭാരതം 22 അംഗങ്ങളുള്ള സമിതിയിൽ അംഗമാണ്. അറബ് രാജ്യങ്ങളുടെ രാഷ്ട്രീയ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. യെമനിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കും പാലസ്തീൻ പ്രശ്നങ്ങൾക്കും സിറിയൻ വിഷയങ്ങൾക്കുമൊക്കെ ഇന്ത്യക്ക് വ്യക്തമായ അഭിപ്രായവും നിലപാടുണ്ട്. രാജ്യങ്ങളുടെ പരമാധികാരത്തിന് പ്രാധാന്യം നൽകുമ്പോൾത്തന്നെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്തൽ വേണ്ടെന്ന മുന്നറിയിപ്പും പാക്കിസ്ഥാനെ പേരെടുത്ത് പറയാതെ സംയുക്ത പ്രസ്താവനയിൽ ഇരു നേതാക്കളും പറയുന്നുണ്ട്.
അടുത്ത വർഷം നവംബറിൽ സൗദിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാമെന്ന ഉറപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിട്ടുണ്ട്. 2022 ൽ ജി 20 ഉച്ചകോടിക്ക് ഭാരതമാണ് ആതിഥ്യം വഹിക്കുക. 2020 സെപ്തംബർ 21 ന് ഐക്യരാഷ്ട്രസഭയുടെ എഴുപത്തഞ്ചാം വാർഷികമാണ്. യുഎന്നിന്‍റെ സ്ഥാപകാംഗങ്ങളെന്ന നിലയിൽ ഇന്ത്യയും സൗദി അറേബ്യയും ഐക്യരാഷ്ട്രസഭാ വാർഷികത്തിൽ ഉയർത്തിപ്പിടിക്കാൻ പോകുന്ന കാഴ്ചപ്പാടും വിവിധ രാഷ്ട്രങ്ങളുമായുള്ള നവീകരിക്കപ്പെട്ട ആശയങ്ങൾ സംബന്ധിച്ച വസ്തുതകളുടെ ആവർത്തനം തന്നെയാണ്. "ഐക്യരാഷ്ട്രസഭ ഒരു സ്ഥാപനം മാത്രമായി ചുരുങ്ങരുത്, പകരം സുനിശ്ചിതമായ മാറ്റങ്ങൾക്കു വേണ്ടിയുള്ള ഉപകരണം കൂടിയാകണം " എന്ന പ്രധാനമന്ത്രിയുടെ ഗൗരവതരമായ പ്രസ്താവനയ്ക്കും ഇന്ന് ഏറെ പ്രാധാന്യമുണ്ട്.