മുംബൈ: കനത്ത മഴയെത്തുടർന്ന് ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതുവരെ വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ലെങ്കിലും മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. മഴ മൂലം യാത്രാ പാത ദൃശ്യമാകാത്തതാണ് സർവീസുകൾ മുടങ്ങാനുള്ള കാരണം. അതേ സമയം തിങ്കളാഴ്‌ച ആദ്യ പകുതിയിൽ മുംബൈയിൽ കനത്ത മഴ പെയ്യുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്കൈമെറ്റ് വെതർ നേരത്ത റിപ്പോർട്ട് ചെയ്തിരുന്നു.
കനത്ത മഴയെത്തുടർന്ന് മുംബൈ വിമാനത്താവളത്തിലെ റൺവേ പ്രവർത്തനങ്ങൾ ഇന്ന് രാവിലെ 20 മിനിറ്റോളം നിർത്തിവച്ചിരിക്കുകയായിരുന്നുവെന്ന് മുംബൈ ഇന്‍റര്‍നാഷണല്‍ എയർപോർട്ട് ലിമിറ്റഡ് (മിയാൽ) ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്‌തു. ഇന്ന് പുലർച്ചെ വീണ്ടും മഴ കനത്തതോടെ പൽഘർ, താനെ, റായ്‌ഗഡ് എന്നിവിടങ്ങളിൽ റോഡ് ഗതാഗതവും മുടങ്ങി.