മുംബൈ: രാജ്യത്ത് ലോക്ക് ഡൗണിനെ തുടർന്ന് സർവീസ് നിർത്തിവെച്ച മുംബൈയിലെ പ്രദേശിക ട്രെയിൻ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും. അവശ്യ സേവന തൊഴിലാളികൾക്കും സ്വകാര്യ മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും മാത്രമായാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. സെൻട്രൽ, വെസ്റ്റേൺ റെയിൽവെയും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. അവശ്യ സേവന തൊഴിലാളികൾക്കായി സെൻട്രൽ റെയിൽവെ 200 ട്രെയിനുകളും വെസ്റ്റേൺ റെയിൽവെ 120 ട്രെയിനുകളുമാണ് സർവീസ് നടത്തുക.
വെസ്റ്റേൺ റെയിൽവെയിൽ 50,000 അവശ്യ സേവന തൊഴിലാളികൾ ഉൾപ്പെടെ 1.25 ജീവനക്കാർ പ്രാദേശിക ട്രെയിൻ ഗതാഗതം ഉപയോഗപ്പെടുത്തുമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തൽ. ഈ ട്രെയിൻ സർവീസുകൾ അവശ്യ സേവന തൊഴിലാളികൾക്ക് മാത്രമുള്ളതാണെന്നും മറ്റ് ആളുകൾ ട്രെയിനുകളിൽ യാത്ര ചെയ്യാൻ പാടില്ലെന്നും റെയിൽവെ അറിയിച്ചു. മുംബൈ പ്രാദേശിക ട്രെയിനുകളിലായി ഏകദേശം എട്ട് മില്യൺ ആളുകളാണ് യാത്ര ചെയ്‌തിരുന്നത്.