ന്യൂഡൽഹി: പാർലമെന്‍റ് സമ്മേളനത്തിന്‍റെ ആദ്യ ദിനത്തിൽ തന്നെ 17 എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബിജെപി എംപിമാരായ മീനാക്ഷി ലേഖി, അനന്ത് കുമാർ ഹെഗ്‌ഡെ, പർവേഷ് സാഹിബ് സിങ് എന്നിവർ ഉൾപ്പെടെ 17 എംപിമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പകർച്ചവ്യാധിക്കിടയിൽ നടക്കുന്ന ആദ്യത്തെ പാർലമെന്‍റ് സമ്മേളനം എന്ന നിലയിൽ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചാണ് സഭ നടന്നത്.
അറ്റൻഡൻസ് രജിസ്റ്ററിന് പകരം അറ്റൻഡൻസ് രജിസ്റ്റർ ആപ്പ് വഴിയാണ് എംപിമാർ ലോക്‌സഭയിൽ സാനിദ്ധ്യം അറിയിച്ചത്. സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭ സ്‌പീക്കർ ഓം ബിർള എല്ലാ പാർലമെന്‍റ് അംഗങ്ങൾക്കും കൊവിഡ് കിറ്റുകൾ അയച്ച് കൊടുത്തിരുന്നു. അംഗങ്ങളുടെ സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സ്‌പീക്കർ പറഞ്ഞു. സെഷൻ ആരംഭിക്കുന്നതിന് മുന്നോടിയായി പാർലമെന്‍റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു.