ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്‌ടി) കൗണ്‍സില്‍ യോഗം മൊബൈല്‍ ഫോണുകളുടെ നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തി. ഇതോടെ മൊബൈല്‍ ഫോണുകളുടെ വില വര്‍ധിക്കും. തീപ്പെട്ടിയുടെ ജിഎസ്ടി 12 ശതമാനമാക്കാനും തീരുമാനമായി. വിമാനത്തിന്‍റെ എംആര്‍ഒ സേവനങ്ങളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. എല്ലാ നിരക്കുകളും ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ജിഎസ്ടി കൗണ്‍സിലിന്‍റെ 39 മത് യോഗമാണ് നിര്‍ണായക തീരുമാനങ്ങളെടുത്തത്. നഷ്ടപരിഹാര സെസ്സായി 78,000കോടി രൂപ സമാഹരിച്ചതായി ധനമന്ത്രി പറഞ്ഞു. മൊബൈലിന്‍റെ അസംസ്കൃത വസ്തുക്കളുടെ നികുതി നിരക്കുമായി ഫോണിന്‍റെ നിരക്കും ഏകീകരിച്ചെന്നാണ് കേന്ദ്ര വിശദീകരണം. പാദരക്ഷകള്‍, രാസവളം, വസ്ത്രങ്ങള്‍ എന്നിവയുടെ നികുതി ഏകീകരണത്തില്‍ ഇന്ന് തീരുമാനമായില്ല.