പട്‌ന: അവളുടെ മുഖത്തെ പുഞ്ചിരി, കണ്ണുകളിലെ തിളക്കം, അതൊക്കെയും മിതാലി പ്രസാദ് നേടിയെടുത്ത വിജയത്തെക്കുറിച്ച് പറയുന്നു. ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും ഉണ്ടെങ്കില്‍ ഏത് പര്‍വതവും, അത് എത്ര തന്നെ ഉയരമുള്ളതായാലും ശരി, കീഴടക്കാമെന്നതിന്‍റെ തെളിവാണ് അത്. ഇത്തരത്തില്‍ ഒരു അസാധാരണ നേട്ടമാണ് ബിഹാറിന്‍റെ പുത്രിയായ മിതാലി പ്രസാദ് കൈവരിച്ചിരിക്കുന്നത്. ഈയടുത്ത കാലത്ത് ദക്ഷിണ അമേരിക്കയിലെ ആന്‍ഡസ് മല നിരകളിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ അക്കോംഗ്വ കീഴടക്കി കൊണ്ട് അവള്‍ ഒരു ലോക റെക്കോഡ് തന്നെ സൃഷ്ടിച്ചു.
നളന്ദ ജില്ലയിലെ കത്രിസാരി ബ്ലോക്കിലുള്ള മായാപൂര്‍ ഗ്രാമ വാസിയായ മിതാലിയ്ക്ക് എട്ട് സഹോദരിമാരുണ്ട്. ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷകന്‍റെ മകളായ മിതാലി ഇതാദ്യമായല്ല ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കുന്നത്. കാഞ്ചന്‍ജംഗ, ടൈഗര്‍ ഹിൽസ്, കിളിമഞ്ചാരോ എന്നീ പര്‍വതങ്ങള്‍ കീഴടക്കിയ മുന്‍ കാല അനുഭവങ്ങളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചും ചോദിച്ചറിഞ്ഞപ്പോള്‍ മിതാലി നല്‍കിയ മറുപടി ശ്രദ്ധേയമാണ്.
ദാരിദ്ര്യത്തോട് പടപൊരുതിയാണ് മിതാലി ഏറ്റവും താഴെക്കിടയില്‍ നിന്നും ആകാശത്തോളം ഉയരത്തില്‍ എത്തിയത്. ദാരിദ്യം പോലെയുള്ള ജീവിതത്തിലെ വെല്ലുവിളിയെ മറികടന്നു കൊണ്ട് നേട്ടങ്ങള്‍ കൊയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് മിതാലി ഒരു മാതൃകയാകുന്നു.