ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്ന പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്ത് ഇന്ത്യൻ റെയിൽവേ. ലക്ഷക്കണക്കിന് പാവപ്പെട്ടവർക്കാണ് റെയില്‍വേയുടെ സൗജന്യ ഭക്ഷണ വിതരണം ആശ്വാസം പകരുന്നത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 20.5 ലക്ഷം സൗജന്യ ഭക്ഷണപ്പൊതികളാണ് റെയില്‍വേ വിതരണം ചെയ്തത്. ജില്ലാ ഭരണാധികാരികളുമായി സഹകരിച്ചാണ് പദ്ധതി.
ഐ.ആര്‍.സി.ടി.സി പാചകപ്പുരകള്‍, റെയില്‍വേ സംരക്ഷണസേന, സന്നദ്ധ സംഘനകള്‍ എന്നിവയുടെ വിഭവ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉച്ചഭക്ഷണത്തിന് പാചകം ചെയ്ത ഭക്ഷണം പേപ്പര്‍ പ്ലേറ്റുകളിലും രാത്രി ഭക്ഷണം പാക്കറ്റുകളിലാക്കിയും നല്‍കുന്നുണ്ട്. സാമൂഹിക അകലവും ശുചിത്വവും പാലിച്ചാണ് ഭക്ഷണവിതരണം.
ആര്‍.പി.എഫ്, റെയില്‍വേ പൊലീസ്, സംസ്ഥാന സര്‍ക്കാരുകള്‍, ജില്ലാ ഭരണകൂടങ്ങള്‍, സന്നദ്ധ സംഘടനകള്‍, റെയില്‍വേ മേഖലകളുടെ കീഴിലുള്ള വിവിധ വാണിജ്യ വകുപ്പുകള്‍ എന്നിവരുടെ സഹായത്തോടെ റെയില്‍വേ സ്റ്റേഷനിലും പുറത്തുമുള്ള ആവശ്യക്കാര്‍ക്കാണ് ഭക്ഷണം എത്തിക്കുന്നത്.
ഇതില്‍ 11.6 ലക്ഷം പാചകം ചെയ്ത ഭക്ഷണ പാക്കറ്റുകള്‍ ഐ.ആര്‍.സി.ടി.സിയും, 3.6 ലക്ഷം ആര്‍പിഎഫും, 1.5 ലക്ഷം റെയില്‍വേയുടെ കൊമേഷ്യല്‍ വിഭാഗവും മറ്റു വിഭാഗങ്ങളുമായും ചേര്‍ന്നും സംഭാവന ചെയ്തു. ഇതിനു പുറമെ, 3.8 ലക്ഷം ഭക്ഷണ പാക്കറ്റുകള്‍ റെയില്‍വേയുമായി സഹകരിക്കുന്ന സന്നദ്ധ സംഘടനകളും സംഭാവന നല്‍കി.